റാറ ദേശീയോദ്യാനം
നേപ്പാളിലെ ദേശീയോദ്യാനം / From Wikipedia, the free encyclopedia
നേപ്പാളിലെ ഹിമാലയൻ പ്രദേശത്തെ ഒരു സംരക്ഷിത പ്രദേശമാണ് റാറ ദേശീയോദ്യാനം. മുഗു, ജുംല എന്നീ ജില്ലകളിലായി ഏകദേശം 106 ചതുരശ്ര കിലോമീറ്റർ (41 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതും 1976-ൽ നിലവിൽവന്നതുമായ നേപ്പാളിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണിത്. കോണിഫെറസ് വനങ്ങളാൽ നിബിഡമായതാണ് ഈ പ്രദേശം[1]. ഈ ദേശീയോദ്യാനത്തിന്റെ ഒരു പ്രധാന സവിശേഷതയെന്നു പറയാവുന്നത് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2,990 മീറ്റർ (9,810 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന, പൈൻമരക്കാടുകളാൽ ആവൃതമായ നയനാനന്ദകരമായ റാറ തടാകമാണ്. ഈ തടാകത്തിന്റെ പരമാവധി ആഴം 167 മീറ്ററാണ്. അണ്ഡാകൃതിയിലുള്ള ഈ തടാകത്തിന് ഏകദേശം 5 കിലോമീറ്ററോളം നീളവും, 3 കിലോമീറ്റർവരെ വീതിയുമുണ്ട്.
റാറ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | നേപ്പാൾ |
Nearest city | ജുംല |
Coordinates | 29°30′40″N 82°03′02″E |
Area | 106 km2 (41 sq mi) |
Established | 1976 |
Governing body | Department of National Parks and Wildlife Conservation, Ministry of Forests and Soil Conservation |
നേപ്പാളിലെ ഹുംല - ജുംല എന്നീ ഭൂപ്രദേശങ്ങളിലെ തദ്ദേശീയ സസ്യജീവജാലങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം തടാകത്തിന്റെ തന്നെ അപൂർവ്വ മനോഹാരിത സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. നേപ്പാളിലെ പടിഞ്ഞാറൻ ഹിമാലയൻ പ്രദേശത്തെ അനതിവിദൂരമായ കർണലി പ്രദേശിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഒരു ശുദ്ധജലതടാകമായ ഇത് മഹേന്ദ്ര താൽ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഉദ്യാനമേഖലയിലെ മറ്റ് ഉയരമുള്ള കൊടുമുടികളിൽ തടാകത്തിനു വടക്കു ഭാഗത്തായുള്ള 3,731 മീറ്റർ ഉയരമുള്ള റുമ കുണ്ട്, 3,444 മീറ്റർ ഉയരമുള്ള മാലിക കുണ്ട് എന്നിവ ഉൾപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ വടക്കുകിഴക്കുഭാഗത്തെ അതിരിൽ ചുചേമര തടാകവും തെക്കുവശത്തെ ചെങ്കുത്തായ ചരിവിൽ ഗുർച്ചി തടാകവും കാണപ്പെടുന്നു.