തോമസ് അക്വീനാസ്
From Wikipedia, the free encyclopedia
പ്രസിദ്ധ ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും ഏറ്റവും അറിയപ്പെടുന്ന സ്കൊളാസ്റ്റിക് ചിന്തകനുമാണ് തൊമസ് അക്വീനാസ്. പതിമൂന്നാം നൂറ്റാണ്ടിലാണ്(1225-1274) അദ്ദേഹം ജീവിച്ചിരുന്നത്. ക്രൈസ്തവ സിദ്ധാന്തങ്ങളുടെ ദാർശനിക വിശദീകരണത്തിന് ഒരു പുതിയ മാനം നൽകിയത് അക്വീനാസാണ്. വിശുദ്ധ ആൽബർട്ടിന്റെ (Albertus Magnus) ശിഷ്യന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹം. അരിസ്റ്റോട്ടലിന്റെ തത്ത്വചിന്തയെ ക്രൈസ്തവ സിദ്ധാന്തങ്ങളുമായി സമന്വയിപ്പിച്ചതാണ് അക്വിനാസിന്റെ മൗലിക സംഭാവനയായി കരുതപ്പെടുന്നത്. അതുവരെ വിശുദ്ധ അഗസ്റ്റിന്റെ വഴി പിന്തുടർന്ന ക്രൈസ്തവ ചിന്ത, പ്ലേറ്റോയുടെ തത്ത്വചിന്തയോടാണ് ചാഞ്ഞു നിന്നിരുന്നത്. ക്രൈസ്തവ ദൈവശാസ്ത്രത്തിലെ 'അഗസ്റ്റീനിയൻ' സരണിക്കു സമാന്തരമായി അരിസ്റ്റോട്ടലിന്റെ മേധാശക്തിയെ ആശ്രയിക്കുന്ന 'തോമിസ്റ്റ്' സരണിക്കു രൂപം കൊടുത്തത് തോമസ് അക്വീനാസ് ആണ്. പാശ്ചാത്യക്രൈസ്തവലോകത്ത് അരിസ്റ്റോട്ടലിന് പ്രശസ്തിയും സ്വീകാര്യതയും ഉണ്ടായത് അക്വിനാസിനു ശേഷമാണ്. പിന്നീട് അത് ചോദ്യം ചെയ്യപ്പെടാനാവാത്ത പ്രാമാണികത ആയി മാറി.
ജനനം | തോമസ് അക്വീനാസ് ഏതാണ്ട് 1225ൽ[1] റോക്കാസെക്കാ, കിങ്ഡം ഓഫ് സിസിലി |
---|---|
മരണം | 7 മാർച്ച് 1274[1] ഫോസ്സനോവ, പേപ്പൽ സ്റ്റേറ്റ്സ് |
കാലഘട്ടം | മധ്യകാലഘട്ട തത്ത്വചിന്ത |
പ്രദേശം | പാശ്ചാത്യ തത്ത്വചിന്തകൻ |
പ്രധാന താത്പര്യങ്ങൾ | ഭൗതികാന്തരശാസ്ത്രം (incl. ദൈവശാസ്ത്രം), യുക്തി, മനസ്സ്, ജ്ഞാനവാദം, സാന്മാർഗ്ഗികത, രാഷ്ട്രമീമാംസ |
ശ്രദ്ധേയമായ ആശയങ്ങൾ | ദൈവത്തിന്റെ അസ്തിത്വത്തിനുള്ള അഞ്ചു തെളിവുകൾ |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
ലഘുരചനകളും ബൃഹദ്ഗ്രന്ഥങ്ങളും അടക്കം അറുപതോളം കൃതികൾ അക്വീനാസിന്റേതായുണ്ട്. കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെ സാരസംഗ്രഹമായ സുമ്മാ തിയോളജിയേ(Summa Theologiae - ദൈവശാസ്ത്രസംഗ്രഹം) [2] എന്ന കൂറ്റൻ ഗ്രന്ഥമാണ് അവയിൽ പ്രധാനം. ആ കൃതി പൂർത്തിയാക്കപ്പെടാത്തതാണ്. ക്രിസ്തീയവിശ്വാസത്തിനെതിരായ പേഗൻ വാദങ്ങൾക്കു മറുപടി പറയുന്ന സുമ്മാ കോൺട്രാ ജെന്റൈൽസ്(Summa contra Gentiles - പുറജാതികൾക്കുള്ള മറുപടികളുടെ സംഗ്രഹം) എന്ന ഗ്രന്ഥവും പ്രസിദ്ധമാണ്. [ക]