ഇന്ത്യൻ മഹാസമുദ്രം
ലോകത്തിലെ മൂന്ന് മഹാ സമുദ്രങ്ങളിലുംവെച്ച് ഏറ്റവും ചെറിയ മഹാസമുദ്രം / From Wikipedia, the free encyclopedia
ലോകത്തിലെ മൂന്ന് മഹാ സമുദ്രങ്ങളിലുംവെച്ച് ഏറ്റവും ചെറുതും ഏറ്റവും പഴക്കം കുറഞ്ഞതും സങ്കീർണ്ണവും ഭൂമിയുടെ ഉപരിതലത്തിലുള്ള ജലത്തിന്റെ 20% ഉൾക്കൊള്ളുന്നതുമായ മഹാസമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം [1]. ഇന്ത്യൻ മഹാസമുദ്രത്തിന് 73440000 ച. കി. മി. വിസ്തീർണ്ണമുണ്ട്. ഒരു രാജ്യത്തിന്റെ പേരുള്ള (ഇന്ത്യ) ഏക മഹാസമുദ്രമാണിത്[2][3][4][5]. പടിഞ്ഞാറ് ആഫ്രിക്ക, കിഴക്ക് ഓസ്ട്രേലിയ, വടക്ക് ഏഷ്യ, തെക്ക് അന്റാർട്ടിക്ക എന്നിവയാണ് അതിരുകൾ. ഇന്ത്യൻ മഹാസമുദ്രത്തിന് ശരാശരി 3960 മീറ്റർ ആഴമുണ്ട്. ഈ മഹാസമുദ്രത്തിലാണ് ചെങ്കടൽ, അറബിക്കടൽ, പേർഷ്യൻ കടൽ, ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സ്ഥിതിചെയ്യുന്നത്.അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും 20° കിഴക്കൻ രേഖാംശവും പസഫിക് സമുദ്രത്തിൽ നിന്നും 146°55' രേഖാംശവും ഇന്ത്യൻ മഹാസമുദ്രത്തെ വേർതിരിക്കുന്നു.[6] ഇന്ത്യൻ മഹാസമുദ്രം വടക്ക് ഭാഗത്ത് ഏകദേശം 30° ഉത്തര അക്ഷാംശം വരെയും വ്യാപിച്ചുകിടക്കുന്ന ഈ സമുദ്രത്തിന് ആഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും തെക്കെ അറ്റങ്ങൾക്കിടയിൽ 10,000 കിലോമീറ്റർ വീതിയും ചെങ്കടൽ, പേർഷ്യൻ കടൽ എന്നിവയുൾപ്പെടെ 73,556,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും[7] 292,131,000 ഘന കിലോമീറ്റർ വ്യാപ്തവുമുണ്ട്(70,086,000 മൈൽ3).[8]
ലോകത്തിലെ ഏറ്റവും വലിയ നാലമത്തെ ദ്വീപായ മഡഗാസ്കർ, ശ്രീലങ്ക, മസ്കരിൻസ്, എന്നിവ ഇതിലെ പ്രമുഖ ദ്വീപുകളും ദ്വീപസമൂഹങ്ങളുമാണ്. ഇന്തോനേഷ്യൻ ദ്വീപസമൂഹം ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കേ അതിർത്തിയിൽ നിലകൊള്ളുന്നു. പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നീ സമുദ്രങ്ങളെപ്പോലെ ഇതൊരു തുറന്ന സമുദ്രമല്ല. കാരണം, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗം രാജ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ സമുദ്രത്തിലെ ജലപ്രവാഹങ്ങൾ മൺസൂണുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നവയാണ്. കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങൾ പ്രധാനമായും ഉഷ്ണജലപ്രവാഹങ്ങളാണ്.