ഹോർമൂസ് കടലിടുക്ക്
From Wikipedia, the free encyclopedia
തെക്കുകിഴക്കുള്ള ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ഒരു ജലപാതയാണ് ഹോർമൂസ് കടലിടുക്ക്(അറബി: مضيق هرمز - Madīq Hurmuz,പേർഷ്യൻ: تنگه هرمز). ഹോർമൂസിന്റെ വടക്കൻ തീരത്ത് ഇറാനും തെക്കൻ തീരത്ത് ഐക്യ അറബ് എമിറേറ്റും ഒമാന്റെ ഭാഗമായ മുസന്ധവുമാണ്. ഹോർമൂസ് കടലിടുക്കിന്റെ വീതി 54 കിലോ മീറ്റർ(29 നോട്ടിക്കൽ മൈൽ) വരും[1]. പേർഷ്യൻ ഗൾഫിലുള്ള പെട്രോളിയം കയറ്റുമതിരാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽമാർഗ്ഗമാണിത്. അമേരിക്കൻ ഐക്യനാടുകളുടെ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ കണക്ക് പ്രകാരം, ശരാശരി 15 ടാങ്കറുകൾ 16.5 മുതൽ 17 വരെ മില്യൻ ബാരൽ അസംസ്കൃത എണ്ണ ഓരോദിവസവും ഈ പാതയിലൂടെ വഹിച്ചുകൊണ്ട് പോകുന്നു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കടലിടുക്കായി ഹോർമൂസിനെ കണക്കാക്കുന്നതും ഇക്കാരണത്താലാണ്. ലോകത്തിലെ കടൽമാർഗ്ഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40% വും ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിന്റെ 20% വും വരുമിത്[2].