സുബ്രഹ്മണ്യൻ
ഹിന്ദു ദൈവം / From Wikipedia, the free encyclopedia
ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രഹ്മണ്യൻ. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്. കൗമാര മതത്തിലെ പ്രധാന ദൈവമാണ് മുരുകൻ. പ്രാചീന സിദ്ധവൈദ്യന്മാരുടെ ആരാധനാമൂർത്തിയും മുരുകൻ ആണെന്ന് കരുതപ്പെടുന്നു. 'സ്കന്ദബോധിസത്വൻ' എന്ന പേരിൽ ബൗദ്ധർ മുരുകനെ ആരാധിക്കാറുണ്ട്. തമിഴ് കടവുൾ (തമിഴരുടെ ദൈവം) എന്നൊരു വിശേഷണവും സുബ്രഹ്മണ്യന് ഉണ്ട്. വിശ്വാസികൾ പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ "ജ്ഞാനപ്പഴം" എന്ന് വിശേഷിപ്പിക്കാറുണ്ട്. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽ ആയുധവും. പഴന്തമിഴ് കാവ്യങ്ങളിൽ പറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു. വള്ളിദേവിയും ദേവസേനയുമാണ് പത്നിമാർ. സ്കന്ദപുരാണത്തിൽ മുരുകനെ പ്രധാന ദേവതയായി ചിത്രീകരിച്ചിരിക്കുന്നു.
സുബ്രഹ്മണ്യൻ | |
---|---|
യുദ്ധം | |
ദേവനാഗരി | सुब्रह्मण्यः |
Sanskrit Transliteration | Kārttikeya |
തമിഴ് ലിപിയിൽ | முருகன் |
ഗ്രഹം | ചൊവ്വ |
ആയുധം | വേൽ |
ജീവിത പങ്കാളി | ദേവസേനയും (ദേവയാനി), വള്ളിദേവിയും |
Mount | മയിൽ |
തമിഴ് ജനത വസിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളിലെല്ലാം മുരുകക്ഷേത്രങ്ങൾ കാണാൻ സാധിക്കും. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യൂറോപ്പ്, ശ്രീലങ്ക, മൗറീഷ്യസ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, റീയൂണിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം മുരുക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാട്ടിലും മുരുകന്റെ പ്രശസ്തമായ ധാരാളം കോവിലുകൾ ഉണ്ട്. പഴനി ദണ്ഡായുധപാണി ക്ഷേത്രമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം. ദക്ഷിണേന്ത്യ കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ശിവകുടുംബത്തോടൊപ്പം മുരുകനെ ആരാധിക്കുന്നു.[1]