വെട്ടുകിളി
From Wikipedia, the free encyclopedia
ആർത്രോപോഡ (Arthropoda) ഫൈലം, ഇൻസെക്ട (Insecta)ക്ലാസ്സ് , ആക്രിഡിഡേ (Acrididae) കുടുംബം, ഓർത്തപ്റ്റെറ (Orthoptera) ഓർഡറിൽ ഉൾപ്പെടുന്ന വലിയ പുൽച്ചാടി(Grasshoper) ഇനങ്ങളെ (species) ആണ് വെട്ടുകിളി (Locust) എന്ന് വിളിക്കപ്പെടുന്നത് . അനുകൂല പരിസ്ഥിതിയിൽ (ഉയർന്ന താപം, ഈർപ്പം) വളരെ പെട്ടെന്ന് വംശവർധന നടത്തുന്ന ഇവ നിംഫു (Nymph) ദശയിൽ കൂട്ടം ചേർന്ന്, പൂർണ വളർച്ച എത്തി ആക്രമണ സ്വഭാവത്തോടെ ഒരുമിച്ചു വളരെ ദൂരം സഞ്ചരിച്ച് കാർഷിക വിളകൾ ഉൾപ്പെടെ സകല പച്ചപ്പുകളെയും തിന്നു നശിപ്പിക്കാറുണ്ട്. 15 സെ.മീ. വരെ വലിപ്പം ഉള്ള ആക്രമണകാരികളായ ചില ഇനം വെട്ടുകിളികൾ, ഭൂപ്രദേശങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടു നാശങ്ങൾ ഉണ്ടാക്കി തുടർന്ന് അപ്രത്യക്ഷമാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. [1] അറേബ്യൻ നാടുകളിൽ ഉൾപ്പടെ പല പ്രദേശങ്ങളിലും ആളുകൾ ഇവയെ ഭക്ഷിക്കാറുണ്ട്. അതിനാൽ ഗൾഫ്നാടുകളിലും മറ്റും വെട്ടുക്കിളി വിഭവങ്ങൾ സാധാരണമാണ്. ബൈബിൾ, ഖുർആൻ തുടങ്ങിയ മതഗ്രന്ഥങ്ങൾ ഇവ ഭക്ഷ്യ യോഗ്യമാണെന്ന് പറയുന്നുണ്ട്. സ്വാദിഷ്ഠവും പോഷകസമൃദ്ധവുമായ ഭക്ഷണമായി ഇവയെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രോട്ടീൻ ലഭ്യത കണക്കിലെടുത്ത് ഇത്തരം പ്രാണികളെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുണ്ട്. [2]