കാളി
ഹൈന്ദവ ദേവത / From Wikipedia, the free encyclopedia
ആദിമകാലങ്ങളിൽ മാതൃദായക്കാരായ ദ്രാവിഡ ഗോത്രങ്ങളുടെയും പിന്നീട് ശാക്തേയരുടെയും കാലക്രമേണ ഹൈന്ദവരുടേയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ് ഭദ്രകാളി അഥവാ മഹാകാളി [അവലംബം ആവശ്യമാണ്]. പ്രപഞ്ച സൃഷ്ടിയുടെ അടിസ്ഥാനം മഹാശക്തിയുടെ പ്രതീകമായ സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ ജഗദീശ്വരിയായ ആദിപരാശക്തിയായി കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദികാലങ്ങളിൽ ഗോത്ര ജനത കാളിയെ പ്രകൃതിയായി, ഊർവ്വരതയായി, മണ്ണിന്റെ ഫലഭൂയിഷ്ടതയായി, കാർഷിക സമൃദ്ധിക്കായി, യുദ്ധ വിജയത്തിനായി ആരാധിച്ചിരുന്നു. കേരളീയരുടെ കുലദൈവം ഭദ്രകാളി ഭഗവതിയാണ്. ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നായി മഹാകാളിയെ കണക്കാക്കുന്നു. ഇത് ശിവപത്നി പാർവതിദേവിയുടെ കറുത്ത രൂപമായി ശൈവർ വിശ്വസിക്കുന്നു. കാളിയുടെ സൗമ്യവും രൗദ്രവുമായ പത്ത് രൂപങ്ങളെ ദശ മഹാവിദ്യ എന്നറിയപ്പെടുന്നു. വിവിധ പ്രദേശങ്ങളിൽ പല പ്രാദേശികമായ പേരുകളിൽ കാളിയെ ആരാധിച്ചു വരുന്നുണ്ട്. സപ്തമാതാക്കളിൽ പ്രധാനപ്പെട്ട ഭഗവതിയും കാളിയാണ്. ശ്രീഭദ്ര, ഭദ്രാഭഗവതി ചുരുക്കത്തിൽ ഭഗവതി എന്നും പൊതുവേ അറിയപ്പെടുന്നു. കേരളത്തിൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ചെറുതും വലുതുമായ ഭദ്രകാളി ക്ഷേത്രങ്ങൾ കാണാം. കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി, കാലത്തെ (സമയത്തെ) നിയന്ത്രിക്കുന്നവൾ, കാരുണ്യത്തിന്റെ ഭഗവതി" എന്നൊക്കെ പല രീതിയിൽ വിശേഷിപ്പിച്ചു കാണാറുണ്ട്. "ഭദ്രമായ കാലത്തെ നല്കുന്നവൾ, മംഗളമായ കാലത്തെ നൽകുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. കറുത്ത നിറത്തോടുകൂടിയ ഭഗവതി കരിങ്കാളി എന്നറിയപ്പെടുന്നു. കാളി പല ഭാവങ്ങളിൽ കാണപ്പെടുന്നു. ബാലഭദ്ര, ചാമുണ്ഡി, സുമുഖീകാളി തുടങ്ങിയവ. കേരളത്തിൽ ശ്രീകുരുംമ്പ, തമിഴ്നാട്ടിൽ മാരിയമ്മൻ, ബംഗാളിൽ ഭവതാരിണി എന്നെല്ലാം അറിയപ്പെടുന്നതും കാളി തന്നെ. പൊതുവേ അവർണ്ണ വിഭാഗങ്ങളും പിന്നോക്ക സമുദായക്കാരുമാണ് ഭദ്രകാളിയെ കൂടുതലായി ആരാധിച്ചു കണ്ടിരുന്നത്. അയോധനകലകളുടെ ദൈവമായി കളരികളിലും കാളീപൂജ പതിവായിരുന്നു. അതിനാൽ കളരി പരമ്പര ദൈവമായും ഭഗവതിയെ സങ്കൽപ്പിച്ചു വരുന്നു. ഭദ്രകാളിയെ ആരാധിക്കുന്നതിനു പ്രത്യേക നിഷ്ഠയോ നിവേദ്യമോ ഇല്ലെന്നാണ് സങ്കല്പം. വിശ്വാസികളായ ആർക്കും ആരാധിക്കാം. ഭക്തർക്ക് ഇഷ്ടമുള്ള ഭക്ഷണം നിവേദ്യമായി സമർപ്പിക്കാം എന്നാണ് വിശ്വാസം. അബ്രാമണർ പൂജ നടത്തുന്ന ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും ഇന്നും കേരളത്തിൽ കാണാം. വീടുകളിൽ മച്ചകത്തും, മുകൾ നിലയിലും ധർമ്മദൈവമായി ഭഗവതിയെ കാണാം. തറവാട്ടിലെ അംഗങ്ങൾ തന്നെ നേരിട്ട് ഭഗവതിയെ പൂജിച്ചിരുന്നതായും പറയപ്പെടുന്നു. കാളികാ പുരാണം കാളിയെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന പൗരാണിക ഗ്രന്ഥമാണ്. കൂടാതെ ദേവി മഹാത്മ്യം, ദേവി ഭാഗവതം, ശിവപുരാണം എന്നിവയിലും കാളിയുടെ വർണ്ണനകൾ കാണാവുന്നതാണ്.[1]
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഭദ്രകാളി അഥവാ മഹാകാളി | |
---|---|
സംഹാരം, ശക്തി, വിജയം, ഐശ്വര്യം, ആരോഗ്യം | |
ദേവനാഗരി | काली |
Sanskrit Transliteration | Kālī |
Affiliation | ആദിപരാശക്തി, ഭുവനേശ്വരി, ദുർഗ്ഗ, ചണ്ഡിക, പാർവതി |
നിവാസം | ശ്മശാനം, രണഭൂമി |
ഗ്രഹം | ചൊവ്വ, പക്ഷബലമില്ലാത്ത ചന്ദ്രൻ, കേതു, ശനി |
ആയുധം | വാൾ, ത്രിശൂലം |
Mount | ഭദ്രകാളി- വേതാളം, മഹാകാളി - സിംഹം |