ലക്ഷ്മി
ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവത / From Wikipedia, the free encyclopedia
ഹൈന്ദവ വിശ്വാസപ്രകാരം സാമ്പത്തികത്തിന്റെ അല്ലെങ്കിൽ ഐശ്വര്യത്തിന്റെ ഭഗവതിയാണ് ലക്ഷ്മി അഥവാ മഹാലക്ഷ്മി. ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്ണു ഭഗവാന്റെ പത്നി കൂടിയാണ് ലക്ഷ്മിദേവി അഥവാ ശ്രീ ഭഗവതി അല്ലെങ്കിൽ ശ്രീദേവി. ദേവി മാഹാത്മ്യ പ്രകാരം ലോകമാതാവും സർവേശ്വരിയുമായ സാക്ഷാൽ ആദിപരാശക്തിയുടെ 3 പ്രധാന ഭാവങ്ങളിൽ രണ്ടാമത്തെ ഭഗവതിയാണ് മഹാലക്ഷ്മി. മഹാകാളി, മഹാസരസ്വതി എന്നിവയാണ് മറ്റ് രണ്ടു ഭാവങ്ങൾ. പ്രധാനമായും സമ്പത്ത്, ധനം, ധാന്യം അല്ലെങ്കിൽ ആഹാരം, ഐശ്വര്യം, സൗഭാഗ്യം, വൃത്തി, ശുചിത്വം, സൌന്ദര്യം, സൗമ്യത, അഭിവൃദ്ധി, വിജയം എന്നിവയുടെ ഭഗവതി ആണ് മഹാലക്ഷ്മി. കഠിനാധ്വാനം ചെയ്യുന്ന വ്യക്തിക്ക് ലക്ഷ്മി സമ്പത്ത് നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. അസ്ഥിര പ്രകൃതിയാണ് ലക്ഷ്മി എന്നാണ് സങ്കല്പം. ശ്രീദേവി ഒരിടത്തും സ്ഥിരമായി നിൽക്കുന്നില്ല എന്ന് കരുതപ്പെടുന്നു. അതിനാൽ സമ്പത്തും ഐശ്വര്യവും സ്ഥിരമല്ല എന്ന് വിശ്വസിക്കപ്പെടുന്നു. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യത്തിന്റെ ഭഗവതിയായ ലക്ഷ്മിയെ സ്ഥിതികാരകനായ മഹാവിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. മഹാവിഷ്ണുവിന്റെ വിവിധ അവതാരങ്ങളിലും ലക്ഷ്മി ദേവിയുടെ സാന്നിധ്യം കാണാം. ഉദാഹരണത്തിന് ശ്രീകൃഷ്ണ ഭഗവാന്റെ പത്നിയായ രുക്മിണിദേവി, ശ്രീരാമ പത്നിയായ സീതാദേവി എന്നിവർ ലക്ഷ്മിയുടെ അവതാരമാണ് എന്ന് ഭാഗവതം പറയുന്നു. കയ്യിൽ താമരപ്പൂവും, സ്വർണ്ണക്കുടവും പിടിച്ചിരിക്കുന്നതും അഭയ, വരദ മുദ്രകളോടു കൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. രണ്ടു വെളുത്ത ആനകൾ ദേവിയുടെ ഇരുവശത്തുമായി നിൽക്കുന്നു. ദേവി ഭാഗവത പ്രകാരം മഹാലക്ഷ്മി സിംഹാരൂഢയും സർവായുധധാരിയുമായ മഹാദേവിയാണ്. ശക്തിസ്വരൂപിണിയായ ഈ ഭഗവതിയാണ് മഹിഷാസുരനെയും, കോലാസുരനേയും വധിച്ചത്. ദേവി മാഹാത്മ്യപ്രകാരം സാക്ഷാൽ ആദിപരാശക്തിയും, ലോകമാതാവും, സർവേശ്വരിയുമാണ് മഹാലക്ഷ്മി. ഭുവനേശ്വരിക്കും മഹാലക്ഷ്മിക്കും തമ്മിൽ ഭേദങ്ങൾ ഒന്നുമില്ല എന്നും ദേവി മഹാത്മ്യം വ്യക്തമാക്കുന്നു. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. അതിനാൽ ശ്രീ ഭഗവതി എന്നും ലക്ഷ്മി അറിയപ്പെടുന്നു. നവരാത്രിയുടെ അവസാന ദിവസം 'സിദ്ധിദാത്രിയായി' ആരാധിക്കപ്പെടുന്നത് മഹാലക്ഷ്മിയാണ്. ദശ മഹാവിദ്യകളിൽ 'കമല' എന്നറിയപ്പെടുന്നതും മഹാലക്ഷ്മി തന്നെയാണ്. സപ്തമാതാക്കളിൽ വിഷ്ണുശക്തിയായ വൈഷ്ണവി ദേവി, വാരാഹി പഞ്ചമി എന്നിവർ മഹാലക്ഷ്മിയുടെ മറ്റു രൂപങ്ങളാണ്. സമ്പത്തും സമൃദ്ധിയും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. മഹാലക്ഷ്മിക്ക് എട്ടു ഭാവങ്ങളുണ്ട്. ഇവർ അഷ്ടലക്ഷ്മിമാർ എന്നറിയപ്പെടുന്നു. എട്ടു തരത്തിലുള്ള ഐശ്വര്യമായി ഇത് കണക്കാക്കപ്പെടുന്നു. ദീപാവലിയുമായി ബന്ധപെട്ടു ഹൈന്ദവ വ്യാപാരികളും ബിസിനസ്കാരും ലക്ഷ്മിപൂജ നടത്തുന്നത് ഐശ്വര്യം ഉണ്ടാകുവാൻ വേണ്ടിയാണ്. മിക്ക ഭഗവതി ക്ഷേത്രങ്ങളിലും വെള്ളിയാഴ്ച ദിവസം ദേവിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. ദീപാവലി, നവരാത്രി, തൃക്കാർത്തിക, പൗർണമി എന്നിവ വിശേഷ ദിവസങ്ങൾ. ചോറ്റാനിക്കര, കൊല്ലൂർ മൂകാംബിക പോലെയുള്ള ചില ഭഗവതി ക്ഷേത്രങ്ങളിൽ മഹാലക്ഷ്മി ഉൾപ്പെടെ മൂന്ന് ഭാവങ്ങളിലും പരാശക്തിയെ ആരാധിച്ചു കാണുന്നു. ലക്ഷ്മി നാരായണ, ലക്ഷ്മി നരസിംഹമൂർത്തി, ലക്ഷ്മി വരാഹമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ലക്ഷ്മിദേവി ആരാധിക്കപ്പെടുന്നു. വെള്ളിയാഴ്ച പ്രധാന ദിവസം. മുംബൈ നഗരത്തിന്റെ ദേശദൈവം മുംബൈ ലക്ഷ്മി ആണ്. എറണാകുളം ജില്ലയിൽ കേരളത്തിന്റെ വ്യവസായിക തലസ്ഥാനം ആയ കൊച്ചി നഗരത്തോട് ചേർന്നു കിടക്കുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മുഖ്യമായും മഹാലക്ഷ്മി ആരാധിക്കപ്പെടുന്നു. പ്രസിദ്ധമായ തിരുപ്പതി (പദ്മാവതി ക്ഷേത്രം), തിരുവനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയിടത്തും വിഷ്ണുവിനോപ്പം ലക്ഷ്മി പ്രതിഷ്ഠ കാണാം.
ലക്ഷ്മി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലക്ഷ്മി (വിവക്ഷകൾ) എന്ന താൾ കാണുക. |