ഫ്രാൻസിസ് സേവ്യർ
From Wikipedia, the free encyclopedia
നവാരെ രാജ്യത്ത് (ഇപ്പോൾ സ്പെയിൻ-ഫ്രാൻസ്) ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ് ഫ്രാൻസിസ് സേവ്യർ (7 ഏപ്രിൽ 1506 – 3 ഡിസം.1552) . അദ്ദേഹം വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു.[1] ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ഇന്ത്യയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പങ്കു പ്രധാനമായി. ഇന്ത്യക്ക് പുറമേ ജപ്പാൻ, മൊളൊക്കസ്, ബോർണിയോ എന്നിങ്ങനെ, ക്രിസ്ത്യൻ മിഷനറികൾ അധികം കടന്നു ചെന്നിട്ടില്ലാത്ത മറ്റു നാടുകളിലും അദ്ദേഹം വേദപ്രചാരകനായി എത്തി.
വിശുദ്ധ ഫ്രാൻസിസ് സേവ്യർ | |
---|---|
കിഴക്കിന്റെ അപ്പസ്തോലൻ | |
ജനനം | (1506-04-07)7 ഏപ്രിൽ 1506 Xavier, കിങ്ഡം ഓഫ് നവാരെ, (സ്പെയിൻ) |
മരണം | 3 ഡിസംബർ 1552(1552-12-03) (പ്രായം 46) ഷാങ് ചുവാൻ ദ്വീപ്, ചൈന |
വണങ്ങുന്നത് | റോമൻ കത്തോലിക്ക സഭ, ലൂഥറൻ സഭ, ആംഗ്ലിക്കൻ കൂട്ടായ്മ |
വാഴ്ത്തപ്പെട്ടത് | 25 ഒക്ടോബർ1619 by പോൾ അഞ്ചാമൻ |
നാമകരണം | 12 മാർച്ച്(12 ഏപ്രിൽ) 1622 by ഗ്രിഗോരിയോസ് പതിനഞ്ചാമൻ |
ഓർമ്മത്തിരുന്നാൾ | ഡിസംബർ 3 |
പ്രതീകം/ചിഹ്നം | ക്രൂശിതരൂപം; ജ്വലിതഹൃദയം പേറുന്ന പ്രബോധകൻ; മണി; ഭൂഗോളം; പാത്രം; ഇഗ്നേഷ്യസ് ലയോളക്കൊപ്പം താടിയുള്ള യുവ ജെസ്യൂട്ടായി; പന്തം പേറുന്ന ജെസ്യൂട്ട്, ജ്വാല, കുരിശും ലില്ലിപ്പുഷ്പവും |
ഭാഷാപരവും മറ്റുമായ പരിമിതികൾ മൂലം ഇന്ത്യയൊഴിച്ചുള്ള നാടുകളിൽ ആദ്യത്തെ ക്രിസ്തീയ വേദപ്രചാരകനായെത്തിയ അദ്ദേഹത്തിന് പരിമിതമായ വിജയം മാത്രമേ നേടാനായുള്ളു. എങ്കിലും പൊതുവേ പറഞ്ഞാൽ, കേവലം പത്തു വർഷം മാത്രം ദീർഘിച്ച ആ പ്രേഷിത സംരംഭത്തിന്റെ സാഹസികതയും വൈപുല്യവും വേദപ്രചരണദൗത്യങ്ങളുടെ ചരിത്രത്തിൽ അസാധാരണമായിരുന്നു.[2]