ഫാദർ ഡാമിയൻ
മൊളോക്കയിലെ വിശുദ്ധ ഡാമിയൻ / From Wikipedia, the free encyclopedia
ഫാദർ ഡാമിയൻ അഥവാ മൊളോക്കയിലെ വിശുദ്ധ ഡാമിയൻ എന്നറിയപ്പെടുന്ന ജോസഫ് ഡെ വ്യുസ്റ്റർ,(ജനുവരി 3, 1840 – ഏപ്രിൽ 15, 1889), ‘കോൺഗ്രിഗേഷൻ ഓഫ് ദ സേയ്ക്രട് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സന്യാസ സഭയിൽ അംഗമായിരുന്ന ഒരു ബെൽജിയൻ കത്തോലിക്കാ മിഷണറി ആയിരുന്നു[1]. ഹവായിയിലെ മൊളോകാ ദ്വീപിലെ കുഷ്ഠ രോഗികൾക്കു വേണ്ടി തന്റെ ജീവിതം സമർപ്പിച്ചതിന്റെ പേരിൽ, ഹവായിയൻ നിവാസികളും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളും ഇദ്ദേഹത്തെ ആദരിക്കുന്നു. കത്തോലിക്കാ വിശ്വാസികളുടെയിടയിൽ, കുഷ്ഠരോഗം, എയ്ഡ്സ് തുടങ്ങി സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടുന്ന രോഗങ്ങൾ ബാധിച്ചവരുടെയും ഹവായിയൻ നിവാസികളുടെയും സ്വർഗ്ഗീയ മദ്ധ്യസ്ഥൻ ആയി കരുതപ്പെടുന്നു, ഫാദർ ഡാമിയൻ. ഹവായിയൻ സംസ്ഥാനത്ത് എല്ലാ വർഷവും ഏപ്രിൽ 15നു ഫാദർ ഡാമിയൻ ദിനം ആചരിച്ചു വരുന്നു. കത്തോലിക്കാസഭ മെയ് 10നാണ് ഫാദർ ഡാമിയന്റെ തിരുനാൾ ആചരിക്കുന്നത്. 1995ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ഫാദർ ഡാമിയനെ 2009ൽ കത്തോലിക്കാസഭ വിശുദ്ധ പദവിയിലേയ്ക്കുയർത്തി.
- വിശുദ്ധ പീറ്റർ ഡാമിയനെ കുറിച്ചറിയാൻ, ദയവായി പീറ്റർ ഡാമിയൻ കാണുക.
ഫാദർ ഡാമിയൻ മോളോക്കയിലെ വിശുദ്ധ ഡാമിയൻ | |
---|---|
വിശുദ്ധൻ | |
ജനനം | (1840-01-03)ജനുവരി 3, 1840 ട്രെമാലോ, ബെൽജിയം |
മരണം | ഏപ്രിൽ 15, 1889(1889-04-15) (പ്രായം 49) മോളോക്ക, ഹവായി |
വണങ്ങുന്നത് | കത്തോലിക്ക സഭ, എപ്പിസ്കോപ്പൽ സഭ, ആംഗ്ലിക്കൻ സഭ; ലൂഥറൻ സഭ |
വാഴ്ത്തപ്പെട്ടത് | ജൂൺ 4, 1995, തിരുഹൃദയ ബസലിക്ക പള്ളി, കൊയ്ക്കൽബർഗ്, ബ്രസൽസ്, by ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ |
നാമകരണം | ഒക്ടോബർ 11, 2009, റോം, by ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ |
പ്രധാന തീർത്ഥാടനകേന്ദ്രം | ല്യൂവൻ, ബെൽജിയം മോളോക്ക, ഹവായി |
ഓർമ്മത്തിരുന്നാൾ | മേയ് 10 സാർവത്രിക സഭ ഏപ്രിൽ 15 ഹവായിയിലും അമേരിക്കയിലും |
മദ്ധ്യസ്ഥം | കുഷ്ഠരോഗികൾ, എയ്ഡ്സ് രോഗികൾ |
അമേരിക്കയിലെ യുണൈറ്റഡ് സ്റ്റേയ്റ്റ്സ് ക്യാപ്പിറ്റോളിനു മുൻപിൽ അദ്ദേഹത്തിന്റെ വെങ്കലത്തിൽ തീർത്ത പ്രതിമയും ഹവായ് പാർലമെൻറ് മന്ദിരത്തിന് മുൻപിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. 2005 ഡിസംബറിൽ ഫ്ലെമിഷ് പബ്ലിക് ബ്രോഡ്കാസ്റ്റിങ് സർവീസ്, ഫാദർ ഡാമിയനെ ഏറ്റവും മഹാനായ ബെൽജിയംകാരനായി പ്രഖ്യാപിച്ചു.