നേപ്പാളിന്റെ ദേശീയപതാക
From Wikipedia, the free encyclopedia
നേപ്പാളിന്റെ ദേശീയപതാക (Nepali: नेपालको झण्डा) ചതുഷ്കോണമല്ലാത്ത ലോകത്തിലേ ഒരേയൊരു ദേശീയപതാകയാണ്. രണ്ട് ത്രികോണരൂപങ്ങൾ (സ്തംഭത്തോടടുക്കുമ്പോൾ വീതി കൂടിവരുന്ന ത്രികോണ പതാക) ചേർന്ന രൂപമാണ് പതാകയ്ക്കുള്ളത്. റോഡോഡെൻഡ്രോൺ പുഷ്പത്തിന്റെ ക്രിംസൺ നിറമാണ് പതാകയ്ക്കുള്ളത്. നേപ്പാളിന്റെ ദേശീയപുഷ്പമാണിത്. നീലനിറമാണ് അരികുകൾക്കുള്ളത്. ഇത് സമാധാനത്തെ സൂചിപ്പിക്കുന്നു. 1962 വരെ പതാകയിലെ സൂര്യനും ചന്ദ്രക്കലയ്ക്കും മനുഷ്യമുഖമായിരുന്നു ഉണ്ടായിരുന്നത്. അവ പുതിയ പതാകയുടെ രൂപത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. പതാകയുടെ കൃത്യമായ വിവരണം കിങ്ഡം ഓഫ് നേപ്പാളിന്റെ 1990 നവംബർ 9-നാണ് സ്വീകരിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 5, ഷെഡ്യൂൾ 1-ൽ കൊടുത്തിട്ടുണ്ട്.
ഉപയോഗം | National flag |
---|---|
അനുപാതം | താഴെക്കാണുക |
സ്വീകരിച്ചത് | 1962 ഡിസംബർ 16 |
മാതൃക | ചുവന്ന നിറമുള്ള രണ്ട് ത്രികോണങ്ങൾ. നീല ബോർഡർ. സൂര്യനും ചന്ദ്രക്കലയും |
ഉപയോഗം | 1962-ന് മുൻപുള്ള പതാക |
1962 ഡിസംബർ 16-ന് പുതിയ ഭരണഘടനയനുസരിച്ചുള്ള ഭരണകൂടം നിലവിൽ വന്നപ്പോഴാണ് പതാക സ്വീകരിക്കപ്പെട്ടത്. പതാകയിലെ രണ്ട് ത്രികോണരൂപങ്ങളും പത്തൊൻപതാം നൂറ്റാണ്ടുമുതൽ ഒരു ഇരട്ട പതാകയുടെ രൂപത്തിൽ ഉപയോഗിച്ചിരുന്നു. പഴയ പതാകയുടെ അടിസ്ഥാനരൂപം പുതിയ പതാകയിലുപയോഗിച്ചിട്ടുണ്ട്. പഴയ പതാക രണ്ടായിരത്തിലധികം വർഷമായി ഉപയോഗത്തിലുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.
നിർമ്മിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള ആകൃതിയായതിനാൽ നേപ്പാളിന്റെ പതാക പലപ്പോഴും തെറ്റായി ചിത്രീകരിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന് 2016-ലെ ഒളിമ്പിക്സിൽ ഒരു ദീർഘ ചതുരത്തിനകത്ത് കൊടി വരച്ചിരിക്കുന്ന രീതിയിലുള്ള പതാകയായിരുന്നു ഉപയോഗിച്ചത്.