നിക്കോള ടെസ്ല
From Wikipedia, the free encyclopedia
സെർബിയൻ-അമേരിക്കക്കാരനായ[1][2][3] ഒരു ശാസ്ത്രജ്ഞനായിരുന്നു നിക്കോള ടെസ്ല (Nikola Tesla) (/ˈtɛslə/;[4] Serbo-Croatian: [nǐkola têsla]; Serbian Cyrillic: Никола Тесла; 10 ജൂലൈ 1856 – 7 ജനുവരി 1943).[5]മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന അദ്ദേഹമാണ് ഇന്നത്തെ പ്രധാന വൈദ്യുതസമ്പ്രദായമായ പ്രത്യാവർത്തിധാരാവൈദ്യുതി (AC) വികസിപ്പിച്ചെടുത്തത്. ഇതോടെ വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന് വഴിയൊരുങ്ങി. ടെസ്ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ് ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന് വഴിതെളിച്ചു.
നിക്കോള ടെസ്ല Nikola Tesla | |
---|---|
ജനനം | (1856-07-10)10 ജൂലൈ 1856 |
മരണം | 7 ജനുവരി 1943(1943-01-07) (പ്രായം 86) |
പൗരത്വം | ഓസ്ട്രിയൻ സാമ്രാജ്യം (1891 വരെ) യു.എസ്. (1891 മുതൽ) |
അറിയപ്പെടുന്നത് | ടെസ്ല കോയിൽ ടെസ്ല ടർബൈൻ ടെലിഫോഴ്സ് ടെസ്ലയുടെ ഓസിലേറ്റർ ടെസ്ല തത്വം ടെസ്ലയുടെ കൊളമ്പസിന്റെ മുട്ട പ്രത്യാവർത്തിധാരാ വൈദ്യുതി ഇൻഡക്ഷൻ മോട്ടോർ കറങ്ങുന്ന കാന്തികമണ്ഡലം വയർലെസ് സാങ്കേതികത പാർട്ടിക്കിൾ ബീം ആയുധം മരണരശ്മി ടെറസ്ട്രിയൽ സ്റ്റേഷനറി തരംഗങ്ങൾ ബൈഫിലാർ കോയിൽ ടെലിജിയോഡൈനാമിക്സ് ഇലക്ട്രോഗ്രാവിറ്റിക്സ് |
പുരസ്കാരങ്ങൾ | എഡിസൺ മെഡൽ (1916) എലിയട്ട് ക്രെസ്സൺ മെഡൽ (1893) ജോൺ സ്കോട്ട് മെഡൽ (1934) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് |
സ്ഥാപനങ്ങൾ | എഡിസൺ മെഷീൻ വർക്സ് ടെസ്ല ഇലക്ട്രിക് ലൈറ്റ് & മാനുഫാക്ചറിംഗ് വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് & മാനുഫാക്ചറിംഗ് |
സ്വാധീനങ്ങൾ | ഏൺസ്റ്റ് മാക്ക് |
സ്വാധീനിച്ചത് | ഗാനോ ഡൺ |
ഓസ്ട്രിയൻ സാമ്രാജ്യത്തിൽ ജനിച്ചുവളർന്ന ടെസ്ല 1870 -കളിൽ എഞ്ചിനീയറിംഗിലും ഭൗതികശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം നേടിയതിനുശേഷം 1880-കളുടെ ആദ്യം കോണ്ടിനെന്റൽ എഡിസണിൽ ടെലിഫോണിയിൽ ജോലിചെയ്തുകൊണ്ട് അക്കാലത്തെ നവീനമേഖലയായ വൈദ്യുതോർജ്ജവ്യവസായത്തിൽ പ്രായോഗികപരിശീലനം നേടി. 1884-ൽ ടെസ്ല അമേരിക്കയിലേക്ക് കുടിയേറുകയും അവിടുത്തെ പൗരനായി മാറുകയും ചെയ്തു. സ്വന്തമായ സംരംഭം തുടങ്ങുന്നതിനുമുൻപ് അദ്ദേഹം കുറച്ചുകാലം ന്യൂയോർക്കിലെ എഡിസൺ മെഷീൻ വർക്സിൽ ജോലിചെയ്തിരുന്നു. തന്റെ ആശയങ്ങളെ പിന്തുണയ്ക്കാൻ ആളും അർത്ഥവും ലഭ്യമായതോടെ ടെസ്ല പലതരം വൈദ്യുത-യാന്ത്രിക യന്ത്രങ്ങൾ വികസിപ്പിക്കാനായി ന്യൂയോർക്കിൽ പരീക്ഷണശാലകളും കമ്പനികളും സ്ഥാപിച്ചു. അദ്ദേഹത്തിന്റെ 1888-ൽ വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിൿ ലൈസൻസ് നൽകിയ പ്രത്യാവർത്തിധാരാ (AC) ഇൻഡക്ഷൻ മോട്ടോറും അനുബന്ധ പോളിഫേസ് AC പേറ്റന്റുകളും ടെസ്ലയ്ക്ക് ധാരാളം പണം നേടിക്കൊടുക്കുകയും ആ പേറ്റന്റുകൾ പോളിഫേസ് രീതിയുടെ മൂലക്കല്ലായിമാറുകയും തുടർന്ന് ആ കമ്പനി ആ രീതി പലതരത്തിൽ മാർക്കറ്റ് ചെയ്യുകയും ചെയ്തു.
തനിക്ക് പേറ്റന്റെടുത്ത് വിപണിയിലിറക്കാൻ പറ്റുന്ന കണ്ടുപിടിത്തങ്ങൾക്കായി ടെസ്ല യാന്ത്രിക ഓസിലേറ്ററുകൾ/ജനറേറ്ററുകൾ, വൈദ്യുത ഡിസ്ചാർജ് റ്റ്യൂബുകൾ, എക്സ്-റേ ഇമേജിങ്ങ് തുടങ്ങി നിരവധി പരീക്ഷണങ്ങളും പരിശ്രമങ്ങളും നടത്തി. ലോകത്താദ്യമായി അദ്ദേഹം ഒരു വയർലെസ് നിയന്ത്രിത ബോട്ട് ഉണ്ടാക്കി. ഒരു കണ്ടുപിടിത്തക്കാരൻ എന്ന നിലയിൽ പ്രസിദ്ധനായ ടെസ്ല പ്രമുഖരെയും കാശുള്ളവരെയും തന്റെ പ്രദർശനങ്ങൾ കാണിക്കുവാൻ തന്റെ പരീക്ഷണശാലയിലേക്ക് ക്ഷണിച്ചു. പൊതുവേദികളിലെ പ്രസംഗങ്ങളിൽ അദ്ദേഹം സമർത്ഥനായിരുന്നു. 1890-കളിൽ മുഴുവൻ ടെസ്ല തന്റെ വയർലസ് ആയി ലൈറ്റിങ്ങിനും ലോകമെങ്ങും വയർലെസ് ആയി വൈദ്യുതിവിതരണത്തിനുമായുള്ള മാർഗങ്ങൾക്കായി ഉയർന്ന ആവൃത്തിയിലും ഉയർന്ന വോൾട്ടതയിലുമുള്ള പരീക്ഷണങ്ങൾ ന്യൂയോർക്കിലും കൊളറാഡൊ സ്പ്രിങ്സിലും നടത്തി. 1893-ൽ തന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് വയർലെസ് വാർത്താവിനിമയത്തിനുള്ള സാധ്യതകളെപ്പറ്റി പ്രവചിച്ചു. തന്റെ ഭൂഖണ്ഡാന്തര വയർലെസ് വാർത്താവിനിമയ – വയർലെസ് വൈദ്യുതി സംപ്രേഷണ പദ്ധതിയായ, പണിതീരാത്ത വാർഡൻക്ലിഫ് ടവർ പ്രൊജക്ട് ഉപയോഗിച്ച് ഈ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ടെസ്ല ശ്രമിച്ചെങ്കിലും പണമില്ലാത്തതിനാൽ അതു പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.[6]
വാർഡൻക്ലിഫിനുശേഷം 1910 -1920 കളിൽ ടെസ്ല ധാരാളം പരീക്ഷണങ്ങൾ നടത്തുകയും പലതിലും വിജയിക്കയും ചെയ്തു. പണത്തിന്റെ വലിയഭാഗവും ചെലവഴിച്ചുകഴിഞ്ഞ അദ്ദേഹം ന്യൂയോർക്കിലെ പല ഹോട്ടലുകളിലും താമസിച്ചു, പലതിന്റെയും ബില്ലുകൾ കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1943 ജനുവരിയിൽ ന്യൂയോർക്ക് നഗരത്തിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.[7] മരണത്തോടെ അദ്ദേഹത്തിന്റെ സംഭാവനകൾ പലതും വിസ്മൃതിയിലായി. 1960 -ൽ മാഗ്നറ്റിൿ ഫ്ലക്സ് ഡെൻസിറ്റിയുടെ എസ് ഐ യൂണിറ്റ് ആയി അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം ടെസ്ല എന്ന പേർ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം തെരഞ്ഞെടുത്തു[8] 1990 -നു ശേഷം ടെസ്ലയുടെ പേരിനും സംഭാവനകൾക്കും പുത്തൻ ഉണർവ് ഉണ്ടായി .[9]