ദ വുമൺ ഇൻ വൈറ്റ്
From Wikipedia, the free encyclopedia
വിൽക്കി കോളിൻസ് രചിച്ച ഒരു ഇംഗ്ലീഷ് ദുരൂഹനോവലാണ് ദ വുമൺ ഇൻ വൈറ്റ് (ശീർഷകത്തിന്റെ മലയാളപരിഭാഷ: വെള്ളവസ്ത്രധാരിയായ സ്ത്രീ). എപ്പിസ്റ്റോളറി ശൈലിയിലുള്ള ഈ നോവൽ 1859-60 കാലഘട്ടത്തിൽ പരമ്പരാരൂപത്തിലും, 1860-ൽ പുസ്തകരൂപത്തിലും പുറത്തിറങ്ങി. ആദ്യത്തെ ദുരൂഹനോവലുകളിലൊന്നായും മികച്ച ആദ്യകാലസെൻസേഷൻ നോവലുകളിലൊന്നായും വ്യാപകമായി വിലയിരുത്തപ്പെടുന്നു. ദ മൂൺസ്റ്റോൺ എന്ന നോവലിനൊപ്പം കോളിൻസിന്റെ ഏറ്റവും നല്ല നോവലായി ദ വുമൺ ഇൻ വൈറ്റ് വിലയിരുത്തപ്പെടുന്നു.
കർത്താവ് | വിൽക്കി കോളിൻസ് |
---|---|
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | എപ്പിസ്റ്റോളറി, ദുരൂഹനോവൽ, Sensation novel |
പ്രസാധകർ | ഓൾ ദ ഇയർ റൗണ്ട് |
പ്രസിദ്ധീകരിച്ച തിയതി | 1859 നവംബർ 26 - 1860 ഓഗസ്റ്റ് 25 |
മാധ്യമം | അച്ചടിച്ചത് (ഹാർഡ് കവറും പേപ്പർബാക്കും) |
ISBN | 0-19-283429-0 |
OCLC | 41545143 |
പിൽക്കാല സ്വകാര്യഅപസർപ്പകർ അവലംബിക്കുന്ന നിരവധി അന്വേഷണമാർഗ്ഗങ്ങൾ ഈ കഥയിലെ നായകനായ വാൾട്ടർ ഹാർട്രൈറ്റ് ഉപയോഗപ്പെടുത്തുന്നത് കണക്കാക്കി, അപസർപ്പകകഥകളിലെ പ്രഥമോദാഹരണങ്ങളിലൊന്നായും വിലയിരുത്തപ്പെടുന്നു. കോളിൻസിന്റെ നിയമപരിജ്ഞാനം, ഈ കഥയിലുപയോഗിച്ചിരിക്കുന്ന വിവിധ വിവരണങ്ങളിൽ നിഴലിച്ചുകാണാം.[1] [2] കൂടാതെ 'കോടതിയിൽ ഒരു കുറ്റകൃത്യത്തിന്റെ കഥ ഒന്നിലധികം സാക്ഷികൾ പറയുന്നതുപോലെ, ഈ കഥ ഒന്നിലധികം പേരുടെ തൂലികയിലൂടെയാണ് അവതരിപ്പിക്കുന്നത്'[൧] എന്ന് കഥയുടെ ആരംഭത്തിൽത്തന്നെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഒരു കഥയാണ് ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ സ്വത്ത് തട്ടിയെടുക്കുന്നതിന് അവരുടെ ഭർത്താവും, സുഹൃത്തും ചേർന്ന് നടത്തുന്ന നിഗൂഢപ്രവർത്തികളും അതിന്റെ അനന്തരഫലങ്ങളിൽ നിന്നും ആ സ്ത്രീയെ മോചിപ്പിക്കുന്നതിന് കഥാനായകനായ വാൾട്ടർ ഹാർട്രൈറ്റിന്റെ ബുദ്ധിപരമായ നീക്കങ്ങളുമാണ് കഥയുടെ കാതൽ.
ഈ നോവലിനെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. പരമ്പരരൂപത്തിൽ ബി.ബി.സിയും പലതവണ ഇത് ചിത്രീകരിച്ചിട്ടുണ്ട്. ഇതിന്റെ നാടകരൂപം വിൽക്കി കോളിൻസ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. ചില സംഗീതനാടകരൂപങ്ങളും ഇതിനെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.