കണ്ണുചിമ്മൽ
From Wikipedia, the free encyclopedia
കൺപോളയുടെ ദ്രുതഗതിയിലുള്ള അടയ്ക്കലായ കണ്ണുചിമ്മൽ ഒരു ശാരീരിക പ്രവർത്തനമാണ്. [1] കൺപോളയിലെ ലെവേറ്റർ പാൽപെബ്രെ സുപ്പീരിയറിസ് പേശി നിർജ്ജീവമായി ഓർബിക്യുലാരിസ് ഒക്കുലി പേശിയുടെ പാൽപെബ്രൽ ഭാഗം സജീവമാക്കുന്നതാണ് ഒരൊറ്റ കണ്ണുചിമ്മൽ. കണ്ണുനീർ കേർണിയയുടെ ഉപരിതലത്തിൽ ഉടനീളം പരത്തുവാനും കണ്ണിൽ കടക്കുന്ന പൊടിയും മറ്റ് വിദേശവസ്തുക്കളം നീക്കം ചെയ്യാനും സഹായിക്കുന്ന കണ്ണുചിമ്മൽ ഒരു അവശ്യ പ്രവർത്തനമാണ്.
കണ്ണിന്റെ ഉപരിതലം നനവുള്ളതായി നിലനിർത്താൻ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ തവണ ഇമവെട്ടൽ സംഭവിക്കുന്നതിനാൽ കണ്ണ് ചിമ്മുന്നതിന് മറ്റ് പ്രവർത്തനങ്ങളും ഉണ്ടാകാം എന്ന് കരുതപ്പെടുന്നു. ഇമവെട്ടുന്നത് നമ്മുടെ ശ്രദ്ധ ഒഴിവാക്കാൻ സഹായിക്കുമെന്ന് ഗവേഷകർ കരുതുന്നു; കണ്ണുചിമ്മൽ ആരംഭിക്കുമ്പോൾ കോർട്ടിക്കൽ പ്രവർത്തനം ഡോർസൽ നെറ്റ്വർക്കിൽ കുറയുകയും ആന്തരിക പ്രോസസ്സിംഗുമായി ബന്ധപ്പെട്ട ഡിഫോൾട്ട് മോഡ് നെറ്റ്വർക്കിൽ വർദ്ധിക്കുകയും ചെയ്യുന്നു. [2] ക്ഷീണം, കണ്ണിന്റെ പരിക്ക്, മരുന്ന് ഉപയോഗം, രോഗം തുടങ്ങിയ ഘടകങ്ങൾ കണ്ണുചിമ്മുന്നതിന്റെ വേഗതയെ ബാധിക്കും. കണ്ണുചിമ്മുന്നതിന്റെ നിരക്ക് നിർണ്ണയിക്കുന്നത് "ബ്ലിങ്ക് സെന്റർ" ആണ്, പക്ഷേ ഇത് ബാഹ്യ ഉത്തേജനത്താലും ബാധിക്കും.
ആമ, ഹാംസ്റ്റർ തുടങ്ങിയ ചില മൃഗങ്ങൾക്ക് പരസ്പരം സ്വതന്ത്രമായി കണ്ണുകൾ ചിമ്മാൻ കഴിയും. മനുഷ്യർ ശരീരഭാഷയുടെ ഭാഗമായി ഒരുകണ്ണ് മാത്രമായി ചിമ്മാറുണ്ട് .