ഔദ്യോഗിക ഇന്ത്യൻ സമയം
ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. / From Wikipedia, the free encyclopedia
ഇന്ത്യയിൽ മുഴുവൻ ഉപയോഗിക്കുന്ന സമയ മേഖലയാണ് ഔദ്യോഗിക ഇന്ത്യൻ സമയം. ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ (UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഇന്ത്യ പകൽ ഉപയോഗ്യ സമയം (Daylight saving time) കണക്കാക്കുന്നില്ല എന്നിരുന്നാലും 1962-ലെ ഇന്ത്യ-ചൈനാ യുദ്ധകാലത്തും 1971-ലെ ഇന്ത്യാ-പാക് യുദ്ധകാലത്തും ഇന്ത്യ ഇത്തരം പരിഷ്കാരങ്ങൾ കൈക്കൊണ്ടിരുന്നു[1]. ഉത്തർ പ്രദേശിലെ അലഹബാദിനടുത്തുള്ള മിർസാപൂരിനു തൊട്ടുപടിഞ്ഞാറുള്ള 82.5° E എന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ സമയം കണക്കാക്കുന്നത്. ഈ രേഖാംശം യുണൈറ്റഡ് കിങ്ഡത്തിലെ ഗ്രീനിച്ച് രേഖാംശവുമായി കൃത്യം 05 മണിക്കൂർ 30 മിനിറ്റിന്റെ വ്യത്യാസം ഉള്ളതാണ്. അലഹബാദ് നിരീക്ഷണാലയത്തിലുള്ള ക്ലോക്ക് ടവറിൽ നിന്നാണ് പ്രാദേശിക സമയം കണക്കുകൂട്ടുന്നത്, എന്നിരുന്നാലും ഔദ്യോഗിക സമയ ഗണന യന്ത്രങ്ങൾ ഡൽഹിയിലെ ദേശീയ ഫിസിക്കൽ ലബോറട്ടറിയിൽ ആണ് സ്ഥിതി ചെയ്യുന്നത്[2].