ഉപയോക്താവ്:Irshadpp/ട്വൈലൈറ്റ്
From Wikipedia, the free encyclopedia
പുലരി, സന്ധ്യ എന്നീ നേരങ്ങളിൽ (സൂര്യൻ ചക്രവാളത്തിന് താഴെയായിരിക്കുമ്പോൾ) ഉള്ള പ്രകാശത്തെ സൂചിപ്പിക്കാനായി ട്വൈലൈറ്റ് എന്ന സംജ്ഞ ഉപയോഗിക്കുന്നു. പ്രകാശത്തെ മാത്രമല്ല, ആ പ്രകാശം ഉണ്ടാകുന്ന സമയങ്ങളെയും ഈ പദം പ്രതിനിധീകരിക്കുന്നുണ്ട്[2]. സൂര്യൻ ചക്രവാളത്തിന് താഴെയാണെങ്കിലും, അതിന്റെ പ്രകാശം ചരിഞ്ഞുകൊണ്ട് അന്തരീക്ഷത്തിൽ എത്തുകയും അതുവഴി വെളിച്ചം ലഭിക്കുകയും ചെയ്യുന്നു.
സൂര്യൻ ചക്രവാളത്തിന് കീഴോട്ട് എത്രത്തോളം പോകുന്നു എന്നതിനെ ആശ്രയിച്ച് പ്രകാശത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. 18° വരെ ട്വൈലൈറ്റിന്റെ വെളിച്ചം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 18°-യിലെത്തുമ്പോൾ ട്വൈലൈറ്റിന്റെ പ്രകാശം പൂജ്യത്തിലെത്തുന്നു. സൂര്യാസ്തമയത്തെത്തുടർന്ന് 18° കഴിയുമ്പോൾ (Evening twilight കഴിയുന്നതോടെ) രാത്രി ആരംഭിക്കുന്നു. സൂര്യോദയത്തിന് മുൻപുള്ള 18° മുതൽ രാത്രി അവസാനിച്ച് പുലരി (Morning twilight) ആരംഭിക്കും. നിഴലുകളില്ലാത്ത വെളിച്ചവും വസ്തുക്കളുടെ നിഴൽച്ചിത്രരൂപവും മൂലം ചിത്രകാരന്മാർക്കും ഛായാഗ്രാഹകർക്കും ഇഷ്ടപ്പെട്ട സമയങ്ങളാണ് ട്വൈലൈറ്റുകൾ. ബ്ലൂ അവർ എന്ന പേരിലും ഈ സമയം അറിയപ്പെട്ടുവരുന്നു.
പുലരിയും സന്ധ്യയും ട്വൈലൈറ്റിന്റെ ഭാഗങ്ങളാണെങ്കിലും പലപ്പോഴും സന്ധ്യയുടെ പര്യായമായി ട്വൈലൈറ്റ് ഉപയോഗിക്കപ്പെടാറുണ്ട്. ശക്തി ക്ഷയിച്ച് അവസാനഘട്ടത്തിലെത്തുന്നതിനെ സൂചിപ്പിക്കാനായി ഭാഷയിൽ ട്വൈലൈറ്റ് എന്നുപയോഗിക്കാറുണ്ട്. സന്ധ്യാസമയത്തോ പുലർച്ചെയോ കൂടുതൽ സജീവമാകുന്ന ചില ജന്തുക്കളെ സൂചിപ്പിക്കുന്ന ക്രെപ്യുസ്കുലർ എന്ന വാക്ക് ട്വൈലൈറ്റിന്റെ പര്യായമാണ്.